Saturday, May 1, 2010

അധ്യാപകര്‍ മാടമ്പികളാകരുത്

ഏതോ മാഗസിനിലെ ഒരു അധ്യാപിക തന്നെ എഴുതിയ ലേഖനത്തെ ആസ്പദമാക്കി, അധ്യാപകര്‍ മാടമ്പിമാരെപ്പോലെയാകരുതെന്ന് ,സ്കൂളിലെ ക്ലാസ് പി റ്റി എ യോഗത്തില്‍ അച്ഛന്‍ സംസാരിച്ചത് ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം വളരെയധികം ഇഷ്ടമായെങ്കിലും(ആ വകയില്‍ കൂട്ടുകാരുടെയിടയില്‍ എനിക്ക് ഹീറോയിന്‍ പരിവേഷം കിട്ടുകയുമുണ്ടായി) സ്കൂളിലും ടീച്ചര്‍മാരിലും അത് വലിയൊരു വിവാദമായിരുന്നു, കുറേക്കാലം.

സത്യത്തില്‍ അധ്യാപകന്‍ /അധ്യാപിക എന്നുകേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ ഓടിയെത്തുന്നത് വടിയും പുസ്തകങ്ങളുമായി കടന്നുവരുന്ന ഒരു ഗൌരവക്കാരനെ/ ഗൌരവക്കാരിയെ ആണ്. ആ കടന്നുവരവില്‍ത്തന്നെ, തനിക്കു നേരിടേണ്ടിവരുന്ന ചോദ്യങ്ങളുടെയും കൊള്ളേണ്ട അടിയുടെയും കണക്കെടുപ്പ് കുട്ടി
നടത്തിക്കഴിഞ്ഞിട്ടുണ്‌ടാവും. മനസ്സിലുള്ള ഭയം കണ്ണുകളില്‍ പ്രകടമാവല്ലേ എന്ന പ്രാര്‍ഥനയോടെ അദ്ദേഹത്തെ ആദരിക്കുന്നു അഥവാ ആദരിക്കുന്നതായി നടിക്കുന്നു.

കുട്ടിയെ പഠിപ്പിക്കാനും അതുവഴി നന്നാക്കാനും ഒപ്പം നശിപ്പിക്കാനും കഴിവുള്ളവരാണ് അധ്യാപകര്‍. മാനസികമായ പീഡനങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും കുട്ടികളെ ഒന്നിനും കൊള്ളാത്തവരാക്കി മാറ്റുന്ന അധ്യാപകരും അതില്‍നിന്നു തികച്ചും വ്യത്യസ്തരായ അധ്യാപകരും സ്കൂളിലുണ്ടാവും. കുട്ടികള്‍ പല നിലവാരത്തിലുള്ളതായിരിക്കും. 'മിടുക്ക'രായ കുട്ടികളെ മാത്രം നോക്കി അഥവാ അവരോട് കൂടുതല്‍ താത്പര്യം കാണിച്ച്
ക്ലാസെടുക്കുന്ന അധ്യാപകരാണു പലരും.
എന്നാല്‍ കുട്ടികളിലെ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി രസകരവും നൂതനവുമായ രീതിയില്‍ ക്ലാസെടുക്കാനറിയാവുന്നവരും അധ്യാപകരിലുണ്ട്, അപൂര്‍വമായിട്ടാണെങ്കിലും.
അങ്ങനെയൊരാളായിരുന്നു ഞങ്ങളുടെ സ്കൂളിലെ സബീര്‍ സാര്‍. അത്തരക്കാര്‍,സാധാരണ അധ്യാപകരെപ്പോലെ പഠിക്കുന്ന കുട്ടികള്‍ക്കു മാത്രമല്ല മുന്‍ഗണനയും അഭിപ്രായ സ്വാതന്ത്ര്യവും നല്‍കുന്നത്. എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രൂപ്പ് ഗെയിം പോലെ ക്ലാസെടുക്കുകയും പാഠപുസ്തകം കഥ പറയുന്നതുപോലെ പറഞ്ഞുതരുകയും, അതിലെ തെറ്റും ശരിയും കുട്ടികളെക്കൊണ്ടു പറയിപ്പിക്കുകയും ക്ലാസില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് ഞങ്ങളോടൊപ്പം ഒരു കുട്ടിയായി അതില്‍ പങ്കു ചേരുകയും ചെയ്യുന്ന രീതിയാണു സാറിന്റേത്. അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചിരിക്കുന്നപോലെ പല കാര്യങ്ങളും മനസ്സിലാക്കാന്‍ അതുമൂലം ഞങ്ങള്‍ക്കു സാധിക്കാറുണ്ട്. പഠനത്തില്‍ താത്പര്യമില്ലാതിരുന്ന കുട്ടികള്‍ക്കുവരെ അദ്ദേഹത്തിന്റെ അധ്യാപനരീതിയില്‍ പങ്കുചേരാന്‍ കഴിയുന്നു. എല്ലാവര്‍ക്കും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നു. തനിക്കു പഠിക്കാന്‍ സാധിക്കില്ലെന്നു വിശ്വസിച്ചിരുന്ന കുട്ടിപോലും തന്റെ മാര്‍ക്കുകണ്ട് അമ്പരന്നുപോയ അനുഭവം ഉണ്ടായിട്ടുണ്ട്. കൊള്ളില്ലെന്നു വിചാരിച്ചിരുന്ന വിഷയം നല്ലതാണെന്നു മനസ്സിലാക്കാനും ചിന്തിക്കാനും പഠിക്കാനും ഏറ്റവും രസകരമായ വിഷയമാണെന്നു മനസ്സിലാക്കാനും സഹായിച്ചത് ആ സാറിന്റെ അധ്യാപനരീതിയാണ് .

വടി ഒഴിവാക്കിക്കൊണ്ടുള്ള രസകരമായ ക്ലാസാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്, ഇഷ്ടപ്പെടുന്നത്. അതാണ് വിദ്യ അഭ്യസിക്കാന്‍ ഏറ്റവും നല്ലതും എളുപ്പവുമായ വഴി.
മിടുക്കരായ കുട്ടികളാണ് ഒരു സ്കൂളിന്റെ നിലവാരം നിശ്ചയിക്കുന്നത്. അതിനാല്‍ കുട്ടികളെ മിടുക്കന്മാരും മിടുക്കികളും ആക്കാന്‍ നെട്ടോട്ടം ഓടുകയാണ് അധ്യാപകര്‍. അതിനുള്ള ആയുധം വടിയാണത്രേ! തല്ലിപ്പഠിപ്പിക്കുക എന്ന പഴയ ആശയം തന്നെയാണ് ഇന്നും ടീച്ചര്‍മാരുടെ പിടിവള്ളി.പഠനകാര്യത്തില്‍ മനസ്സിനു വലിയ സ്ഥാനമു ണ്ട്. മനസ്സില്‍ താത്പര്യമില്ലെങ്കില്‍ പഠിക്കാന്‍ പ്രയാസമാണ്.ആ താത്പര്യം സൃഷ്ടിക്കയാണ് ആദ്യം വേണ്ടത്. വടികൊണ്ട്, വേദനിപ്പിക്കുക എന്നല്ലാതെ മറ്റെന്തു പ്രയോജനമാണുള്ളത്?അധ്യാപകരുടെ വടിപ്രയോഗം പലപ്പോഴും കുട്ടികളെ വിഷമിപ്പിക്കുകയാണു ചെയ്യുന്നത്. ആദ്യമൊക്കെ വിഷമിക്കും, പിന്നെ താന്‍ ഒന്നിനും കൊള്ളാത്തവനാ(ളാ)ണെന്ന് കുട്ടി സ്വയം വിചാരിക്കും. അധ്യാപകരുടെ തുടര്‍ച്ചയായ പീഡനങ്ങളും ശകാരങ്ങളും കുട്ടിയെ മാനസികമായി തളര്‍ത്തിക്കളയുകയാണു ചെയ്യുന്നത്. ഒരു പക്ഷേ അത് കുട്ടികളുടെ മനസ്സു പഠിക്കാനുള്ള ടീച്ചര്‍മാരുടെ കഴിവില്ലായ്മയായിരിക്കാം,ക്ഷമയില്ലായ്മയായിരിക്കാം.
പഠനത്തിന്റെ ശരിയായ വഴി വടിയല്ല. പീഡനങ്ങളോ ശകാരങ്ങളോ അല്ല. ആത്മവിശ്വാസം നല്‍കലാണ്.

13 comments:

 1. അധ്യാപകരുടെ തുടര്‍ച്ചയായ പീഡനങ്ങളും ശകാരങ്ങളും കുട്ടിയെ മാനസികമായി തളര്‍ത്തിക്കളയുകയാണു ചെയ്യുന്നത്. ഒരു പക്ഷേ അത് കുട്ടികളുടെ മനസ്സു പഠിക്കാനുള്ള ടീച്ചര്‍മാരുടെ കഴിവില്ലായ്മയായിരിക്കാം,ക്ഷമയില്ലായ്മയായിരിക്കാം.
  പഠനത്തിന്റെ ശരിയായ വഴി വടിയല്ല. പീഡനങ്ങളോ ശകാരങ്ങളോ അല്ല. ആത്മവിശ്വാസം നല്‍കലാണ്.

  ReplyDelete
 2. നല്ല എഴുത്ത്..
  കുട്ടികള്‍ക്ക് നല്ല മാതൃക ആവേണ്ടത് പരമ പ്റധാനം ആണെന്ന് പല അദ്ധ്യാപകരും മറക്കുന്നു എന്നത് ഒരു സത്യം തന്നെ ആണ്..

  ReplyDelete
 3. എഴുത്തിലെ ശൈലി കൊള്ളാം. പക്ഷെ എല്ലാ അധ്യാപകരെയും ഒരേ കണ്ണിൽ കാണരുതെന്ന് അപേക്ഷ. കണ്ടു എന്ന് ഞാൻ പറഞ്ഞില്ലാട്ടോ. കാണരുത് എന്നേ പറഞ്ഞുള്ളൂ.. അദ്ധ്യാപകർ മാതൃകയാകേണ്ടവർ തന്നെ..

  ReplyDelete
 4. Nowadays,99% of Teachers in aided and government schools strictly follow the government laws otherwise they have to face the consequences from government authorities (including suspension and dismissal).
  We have a code of contact.
  But some UNAIDED school teachers still follow these types of punishments to attain maximum result.So please Don't consider all of us as same.

  ReplyDelete
 5. നല്ലത് കാവേരി,
  സധൈര്യം മുന്നോട്ടുപോവുക.
  എല്ലാ ആശംസകളും.

  ReplyDelete
 6. വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 7. കാവേരീ,

  നല്ല ചിന്തകള്‍. അധ്യാപകരെ നന്നായി മനസ്സിലാക്കിയിരിക്കുന്നു. കുട്ടിയെ പഠിപ്പിക്കാനും അതുവഴി നന്നാക്കാനും ഒപ്പം നശിപ്പിക്കാനും കഴിവുള്ളവരാണ് അധ്യാപകരെന്ന വീക്ഷണം വളരെ വളരെ ശരിയാണ്. ശില്പിയുടെ കയ്യില്‍ കിട്ടുന്ന കളിമണ്ണുപോലെയാണ് അധ്യാപകന്റെ മുന്നിലെത്തുന്ന കുട്ടികള്‍. ശില്പി അതിനെ ഏതുതരത്തില്‍ മിനുക്കിയെടുക്കുന്നുവോ അതിനനുസരിച്ച് അതിന്റെ സൌന്ദര്യത്തെ ലോകം വീക്ഷിക്കുന്നു. ഒരു കുട്ടിയുടെ വ്യക്തിത്വപരിണാമത്തില്‍ രക്ഷിതാക്കളേക്കാള്‍ സ്വാധീനശക്തിയുള്ള അധ്യാപകന് തന്നെയാണ് അവന്റെ ഗതിവിഗതികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം.

  നമ്മുടെ ഞായറാഴ്ച സംവാദങ്ങളില്‍ കാവേരിയുടെ ഇടപെടലുകള്‍ ചലനമുണ്ടാക്കുമെന്നതില്‍ സംശയമില്ല. മാത്‍സ് ബ്ലോഗിലെ കുട്ടികള്‍ക്കൊപ്പം എന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
 8. നന്ദി ഹരി സാര്‍ .

  ReplyDelete
 9. കാവേരി മോള്‍ ഭംഗിയായും അസാധാരണ പക്വതയോടെയും
  ഈ പോസ്റ്റെഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ !!!
  അധ്യാപകരെ ക്രിയാത്മകമായി വിമര്‍ശിക്കാന്‍ വിദ്യാര്‍ത്ഥികളോളം
  യോഗ്യതയുള്ള മറ്റൊരു ഉരകല്ലില്ല :)

  ReplyDelete
 10. എല്ലാ ആശംസകളും...

  ReplyDelete
 11. ചിത്രകാരന്‍ അങ്കിളിനും സിജീഷ് ചേട്ടനും ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 12. കാവേരീ - ഇനിയും എഴുതൂ... സ്കൂള്‍ അനുഭവങ്ങളും പാഠ്യ വിഷയങ്ങളും പാഠ്യേതര വിഷയങ്ങളുമെല്ലാം. പഠനത്തിന് മുന്‍‌തൂക്കം കോടുത്തുകൊണ്ടുതന്നെ ബ്ലോഗിലും സജീവമാകാനാകട്ടെ എന്നാശംസിക്കുന്നു.

  ReplyDelete