Saturday, May 1, 2010

അധ്യാപകര്‍ മാടമ്പികളാകരുത്

ഏതോ മാഗസിനിലെ ഒരു അധ്യാപിക തന്നെ എഴുതിയ ലേഖനത്തെ ആസ്പദമാക്കി, അധ്യാപകര്‍ മാടമ്പിമാരെപ്പോലെയാകരുതെന്ന് ,സ്കൂളിലെ ക്ലാസ് പി റ്റി എ യോഗത്തില്‍ അച്ഛന്‍ സംസാരിച്ചത് ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം വളരെയധികം ഇഷ്ടമായെങ്കിലും(ആ വകയില്‍ കൂട്ടുകാരുടെയിടയില്‍ എനിക്ക് ഹീറോയിന്‍ പരിവേഷം കിട്ടുകയുമുണ്ടായി) സ്കൂളിലും ടീച്ചര്‍മാരിലും അത് വലിയൊരു വിവാദമായിരുന്നു, കുറേക്കാലം.

സത്യത്തില്‍ അധ്യാപകന്‍ /അധ്യാപിക എന്നുകേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ ഓടിയെത്തുന്നത് വടിയും പുസ്തകങ്ങളുമായി കടന്നുവരുന്ന ഒരു ഗൌരവക്കാരനെ/ ഗൌരവക്കാരിയെ ആണ്. ആ കടന്നുവരവില്‍ത്തന്നെ, തനിക്കു നേരിടേണ്ടിവരുന്ന ചോദ്യങ്ങളുടെയും കൊള്ളേണ്ട അടിയുടെയും കണക്കെടുപ്പ് കുട്ടി
നടത്തിക്കഴിഞ്ഞിട്ടുണ്‌ടാവും. മനസ്സിലുള്ള ഭയം കണ്ണുകളില്‍ പ്രകടമാവല്ലേ എന്ന പ്രാര്‍ഥനയോടെ അദ്ദേഹത്തെ ആദരിക്കുന്നു അഥവാ ആദരിക്കുന്നതായി നടിക്കുന്നു.

കുട്ടിയെ പഠിപ്പിക്കാനും അതുവഴി നന്നാക്കാനും ഒപ്പം നശിപ്പിക്കാനും കഴിവുള്ളവരാണ് അധ്യാപകര്‍. മാനസികമായ പീഡനങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും കുട്ടികളെ ഒന്നിനും കൊള്ളാത്തവരാക്കി മാറ്റുന്ന അധ്യാപകരും അതില്‍നിന്നു തികച്ചും വ്യത്യസ്തരായ അധ്യാപകരും സ്കൂളിലുണ്ടാവും. കുട്ടികള്‍ പല നിലവാരത്തിലുള്ളതായിരിക്കും. 'മിടുക്ക'രായ കുട്ടികളെ മാത്രം നോക്കി അഥവാ അവരോട് കൂടുതല്‍ താത്പര്യം കാണിച്ച്
ക്ലാസെടുക്കുന്ന അധ്യാപകരാണു പലരും.
എന്നാല്‍ കുട്ടികളിലെ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി രസകരവും നൂതനവുമായ രീതിയില്‍ ക്ലാസെടുക്കാനറിയാവുന്നവരും അധ്യാപകരിലുണ്ട്, അപൂര്‍വമായിട്ടാണെങ്കിലും.
അങ്ങനെയൊരാളായിരുന്നു ഞങ്ങളുടെ സ്കൂളിലെ സബീര്‍ സാര്‍. അത്തരക്കാര്‍,സാധാരണ അധ്യാപകരെപ്പോലെ പഠിക്കുന്ന കുട്ടികള്‍ക്കു മാത്രമല്ല മുന്‍ഗണനയും അഭിപ്രായ സ്വാതന്ത്ര്യവും നല്‍കുന്നത്. എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രൂപ്പ് ഗെയിം പോലെ ക്ലാസെടുക്കുകയും പാഠപുസ്തകം കഥ പറയുന്നതുപോലെ പറഞ്ഞുതരുകയും, അതിലെ തെറ്റും ശരിയും കുട്ടികളെക്കൊണ്ടു പറയിപ്പിക്കുകയും ക്ലാസില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് ഞങ്ങളോടൊപ്പം ഒരു കുട്ടിയായി അതില്‍ പങ്കു ചേരുകയും ചെയ്യുന്ന രീതിയാണു സാറിന്റേത്. അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചിരിക്കുന്നപോലെ പല കാര്യങ്ങളും മനസ്സിലാക്കാന്‍ അതുമൂലം ഞങ്ങള്‍ക്കു സാധിക്കാറുണ്ട്. പഠനത്തില്‍ താത്പര്യമില്ലാതിരുന്ന കുട്ടികള്‍ക്കുവരെ അദ്ദേഹത്തിന്റെ അധ്യാപനരീതിയില്‍ പങ്കുചേരാന്‍ കഴിയുന്നു. എല്ലാവര്‍ക്കും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നു. തനിക്കു പഠിക്കാന്‍ സാധിക്കില്ലെന്നു വിശ്വസിച്ചിരുന്ന കുട്ടിപോലും തന്റെ മാര്‍ക്കുകണ്ട് അമ്പരന്നുപോയ അനുഭവം ഉണ്ടായിട്ടുണ്ട്. കൊള്ളില്ലെന്നു വിചാരിച്ചിരുന്ന വിഷയം നല്ലതാണെന്നു മനസ്സിലാക്കാനും ചിന്തിക്കാനും പഠിക്കാനും ഏറ്റവും രസകരമായ വിഷയമാണെന്നു മനസ്സിലാക്കാനും സഹായിച്ചത് ആ സാറിന്റെ അധ്യാപനരീതിയാണ് .

വടി ഒഴിവാക്കിക്കൊണ്ടുള്ള രസകരമായ ക്ലാസാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്, ഇഷ്ടപ്പെടുന്നത്. അതാണ് വിദ്യ അഭ്യസിക്കാന്‍ ഏറ്റവും നല്ലതും എളുപ്പവുമായ വഴി.
മിടുക്കരായ കുട്ടികളാണ് ഒരു സ്കൂളിന്റെ നിലവാരം നിശ്ചയിക്കുന്നത്. അതിനാല്‍ കുട്ടികളെ മിടുക്കന്മാരും മിടുക്കികളും ആക്കാന്‍ നെട്ടോട്ടം ഓടുകയാണ് അധ്യാപകര്‍. അതിനുള്ള ആയുധം വടിയാണത്രേ! തല്ലിപ്പഠിപ്പിക്കുക എന്ന പഴയ ആശയം തന്നെയാണ് ഇന്നും ടീച്ചര്‍മാരുടെ പിടിവള്ളി.പഠനകാര്യത്തില്‍ മനസ്സിനു വലിയ സ്ഥാനമു ണ്ട്. മനസ്സില്‍ താത്പര്യമില്ലെങ്കില്‍ പഠിക്കാന്‍ പ്രയാസമാണ്.ആ താത്പര്യം സൃഷ്ടിക്കയാണ് ആദ്യം വേണ്ടത്. വടികൊണ്ട്, വേദനിപ്പിക്കുക എന്നല്ലാതെ മറ്റെന്തു പ്രയോജനമാണുള്ളത്?അധ്യാപകരുടെ വടിപ്രയോഗം പലപ്പോഴും കുട്ടികളെ വിഷമിപ്പിക്കുകയാണു ചെയ്യുന്നത്. ആദ്യമൊക്കെ വിഷമിക്കും, പിന്നെ താന്‍ ഒന്നിനും കൊള്ളാത്തവനാ(ളാ)ണെന്ന് കുട്ടി സ്വയം വിചാരിക്കും. അധ്യാപകരുടെ തുടര്‍ച്ചയായ പീഡനങ്ങളും ശകാരങ്ങളും കുട്ടിയെ മാനസികമായി തളര്‍ത്തിക്കളയുകയാണു ചെയ്യുന്നത്. ഒരു പക്ഷേ അത് കുട്ടികളുടെ മനസ്സു പഠിക്കാനുള്ള ടീച്ചര്‍മാരുടെ കഴിവില്ലായ്മയായിരിക്കാം,ക്ഷമയില്ലായ്മയായിരിക്കാം.
പഠനത്തിന്റെ ശരിയായ വഴി വടിയല്ല. പീഡനങ്ങളോ ശകാരങ്ങളോ അല്ല. ആത്മവിശ്വാസം നല്‍കലാണ്.

Saturday, September 12, 2009

ആൺ‌കുട്ടികൾ കയറൂരിവിട്ട കാളകളോ?

കയറൂരിവിട്ട കാളകളെപ്പോലുള്ള യാത്രയാണ് ഇന്നത്തെ മിക്ക ആൺ‌കുട്ടികളുടേതും. കയറൂരിവിട്ട കാളയ്ക്ക് എന്തെല്ലാം ചെയ്യാം? അതുതന്നെയാണ് ഇന്ന് ആൺ‌കുട്ടികളുടെ പ്രവൃത്തികൾ. ആൺ‌കുട്ടി എന്ന പദത്തിന്റെ അർഥം തന്നെ ‘എവിടെയും പോകാം എന്തും ചെയ്യാം’ എന്ന ലൈസൻസ് എന്നാണ്. അവരിൽ പലരും മയക്കുമരുന്നുകളെയും മറ്റു ലഹരി പദാർഥങ്ങളെയും ആശ്രയമായി കാണുന്നു. ആ ലോകത്തിൽ അവർ സന്തോഷം കണ്ടെത്തുന്നു. ഇങ്ങനെ വളരുന്നവർ സമൂഹനാശത്തിനു കാരണമാകുന്നു എന്നതാണു സത്യം.
ഈ പ്രകൃതത്തിന് പൂർണമായും ആൺ‌കുട്ടികളെ മാത്രം കുറ്റം പറയാൻ സാധിക്കില്ല. പലതും കൂട്ടുകെട്ടിൽനിന്ന് ഉണ്ടാകുന്നതാണെന്നു പറയുന്നു. എങ്കിലും ഇതിൽ ഏറ്റവും വലിയ പങ്ക് മാതാപിതാക്കൾക്കു തന്നെയാ‍ണ്.
മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങൾ മൂലം കുടുംബത്തിൽ സന്തോഷം കിട്ടാത്ത കുട്ടികൾ ലഹരിപദാർഥങ്ങളിൽ സമാധാനവും സന്തോഷവും കാണുന്നു. തന്റെ ജീവിതം ഇതിനെല്ലാം മുന്നിൽ പാഴാക്കുകയാണെന്ന സത്യം അവർ മനസ്സിലാക്കുന്നില്ല.
അഛനമ്മമാർ ആൺ‌കുട്ടികളെ അച്ചടക്കത്തോടുകൂടി വളർത്താൻ തയ്യാറാകുന്നില്ല എന്നതു മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ്. എല്ലായിടത്തും അടക്കവും ഒതുക്കവും പെൺ‌കുട്ടികൾക്ക്.പെൺ‌കുട്ടികൾക്കു മാത്രം മതിയോ ഈ അടക്കവും ഒതുക്കവും? അഥവാ‍ അവർക്കുമാത്രമേ ഇതെല്ലാം സാധിക്കൂ എന്നുണ്ടോ? എന്തുകൊണ്ടാണ് ആൺ‌കുട്ടികൾക്ക് അതിനു കഴിയാത്തത്? അതു മാതാപിതാക്കളുടെ കുറ്റം തന്നെയാണ്. പെൺ‌കുട്ടികളും ആൺ‌കുട്ടികളും തമ്മിലുള്ള വിവേചനം ഒഴിവാക്കി ആൺ‌കുട്ടികളെയും അടക്കവും ഒതുക്കവും ശീലിപ്പിച്ചുകൂടേ?
ആൺ‌കുട്ടികൾ പുറത്തേക്കു പോകുമ്പോൾ ‘നീ എങ്ങോട്ടു പോകുന്നു?’ എന്ന് ഭൂരിഭാഗം അഛനമ്മമാരും ചോദിക്കാറില്ല. മറിച്ച് ഒരു പെൺ‌കുട്ടിയാണെങ്കിലോ? ‘എവിടെപ്പോയാലും വീട്ടിൽ പറയാതെ പോകരുത്’ എന്ന ആജ്ഞ പെൺ‌കുട്ടികൾക്കു നൽകുന്നതുപോലെ ആൺ‌കുട്ടികൾക്കു നൽകാത്തതെന്ത്? അവർ എവിടെ പോകുന്നു,എന്തിനു പോകുന്നു എന്നെല്ലാം അഛനമ്മമാർ മനസ്സിലാക്കാറുണ്ടോ?
സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കൾ പോക്കറ്റ് മണി നൽകുന്നു, മൊബീൽ ഫോൺ വാങ്ങിക്കൊടുക്കുന്നു. പല കുട്ടികളുടെയും കൈയിൽ നൂറും അഞ്ഞൂറും ആയിരവും രൂപയൊക്കെയാണു കാണുന്നത്. അവർക്കു വസ്ത്രവും ഭക്ഷണവുമെല്ലാം വീട്ടിൽനിന്നു കിട്ടുന്നുണ്ട്. പിന്നെ ഇത്രയും പണം കുട്ടികൾക്കെന്തിനാണ്?
കുട്ടികൾക്ക് പണം നൽകുമ്പോൽ അത് എന്തിനാണെന്ന് അഛനമ്മമാർ അറിഞ്ഞിരിക്കണം.ആവശ്യത്തിന് മാത്രമുള്ള പണമേ അവർക്കു നൽകാവൂ.
ആൺ‌കുട്ടികളെയും പെൺ‌കുട്ടികളെയും തുല്യരായി കാണുന്ന സമീപനം സമൂഹം വളർത്തിയെടുക്കണം. ആൺ‌പെൺ വിവേചനം ഇല്ലാതെ മക്കളെ വളർത്താൻ തയ്യാറാവണം. ‘അവനുമാത്രം ബാധകം’ അല്ലെങ്കിൽ ‘അവൾക്കുമാത്രം ബാധകം’ എന്ന വേർതിരിവ് പാടില്ല.പെൺ‌കുട്ടികളെ അടച്ചുപൂട്ടിയും ആൺ‌കുട്ടികളെ കയറൂരിവിട്ടും വളർത്തുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.