Saturday, September 12, 2009

ആൺ‌കുട്ടികൾ കയറൂരിവിട്ട കാളകളോ?

കയറൂരിവിട്ട കാളകളെപ്പോലുള്ള യാത്രയാണ് ഇന്നത്തെ മിക്ക ആൺ‌കുട്ടികളുടേതും. കയറൂരിവിട്ട കാളയ്ക്ക് എന്തെല്ലാം ചെയ്യാം? അതുതന്നെയാണ് ഇന്ന് ആൺ‌കുട്ടികളുടെ പ്രവൃത്തികൾ. ആൺ‌കുട്ടി എന്ന പദത്തിന്റെ അർഥം തന്നെ ‘എവിടെയും പോകാം എന്തും ചെയ്യാം’ എന്ന ലൈസൻസ് എന്നാണ്. അവരിൽ പലരും മയക്കുമരുന്നുകളെയും മറ്റു ലഹരി പദാർഥങ്ങളെയും ആശ്രയമായി കാണുന്നു. ആ ലോകത്തിൽ അവർ സന്തോഷം കണ്ടെത്തുന്നു. ഇങ്ങനെ വളരുന്നവർ സമൂഹനാശത്തിനു കാരണമാകുന്നു എന്നതാണു സത്യം.
ഈ പ്രകൃതത്തിന് പൂർണമായും ആൺ‌കുട്ടികളെ മാത്രം കുറ്റം പറയാൻ സാധിക്കില്ല. പലതും കൂട്ടുകെട്ടിൽനിന്ന് ഉണ്ടാകുന്നതാണെന്നു പറയുന്നു. എങ്കിലും ഇതിൽ ഏറ്റവും വലിയ പങ്ക് മാതാപിതാക്കൾക്കു തന്നെയാ‍ണ്.
മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങൾ മൂലം കുടുംബത്തിൽ സന്തോഷം കിട്ടാത്ത കുട്ടികൾ ലഹരിപദാർഥങ്ങളിൽ സമാധാനവും സന്തോഷവും കാണുന്നു. തന്റെ ജീവിതം ഇതിനെല്ലാം മുന്നിൽ പാഴാക്കുകയാണെന്ന സത്യം അവർ മനസ്സിലാക്കുന്നില്ല.
അഛനമ്മമാർ ആൺ‌കുട്ടികളെ അച്ചടക്കത്തോടുകൂടി വളർത്താൻ തയ്യാറാകുന്നില്ല എന്നതു മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ്. എല്ലായിടത്തും അടക്കവും ഒതുക്കവും പെൺ‌കുട്ടികൾക്ക്.പെൺ‌കുട്ടികൾക്കു മാത്രം മതിയോ ഈ അടക്കവും ഒതുക്കവും? അഥവാ‍ അവർക്കുമാത്രമേ ഇതെല്ലാം സാധിക്കൂ എന്നുണ്ടോ? എന്തുകൊണ്ടാണ് ആൺ‌കുട്ടികൾക്ക് അതിനു കഴിയാത്തത്? അതു മാതാപിതാക്കളുടെ കുറ്റം തന്നെയാണ്. പെൺ‌കുട്ടികളും ആൺ‌കുട്ടികളും തമ്മിലുള്ള വിവേചനം ഒഴിവാക്കി ആൺ‌കുട്ടികളെയും അടക്കവും ഒതുക്കവും ശീലിപ്പിച്ചുകൂടേ?
ആൺ‌കുട്ടികൾ പുറത്തേക്കു പോകുമ്പോൾ ‘നീ എങ്ങോട്ടു പോകുന്നു?’ എന്ന് ഭൂരിഭാഗം അഛനമ്മമാരും ചോദിക്കാറില്ല. മറിച്ച് ഒരു പെൺ‌കുട്ടിയാണെങ്കിലോ? ‘എവിടെപ്പോയാലും വീട്ടിൽ പറയാതെ പോകരുത്’ എന്ന ആജ്ഞ പെൺ‌കുട്ടികൾക്കു നൽകുന്നതുപോലെ ആൺ‌കുട്ടികൾക്കു നൽകാത്തതെന്ത്? അവർ എവിടെ പോകുന്നു,എന്തിനു പോകുന്നു എന്നെല്ലാം അഛനമ്മമാർ മനസ്സിലാക്കാറുണ്ടോ?
സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കൾ പോക്കറ്റ് മണി നൽകുന്നു, മൊബീൽ ഫോൺ വാങ്ങിക്കൊടുക്കുന്നു. പല കുട്ടികളുടെയും കൈയിൽ നൂറും അഞ്ഞൂറും ആയിരവും രൂപയൊക്കെയാണു കാണുന്നത്. അവർക്കു വസ്ത്രവും ഭക്ഷണവുമെല്ലാം വീട്ടിൽനിന്നു കിട്ടുന്നുണ്ട്. പിന്നെ ഇത്രയും പണം കുട്ടികൾക്കെന്തിനാണ്?
കുട്ടികൾക്ക് പണം നൽകുമ്പോൽ അത് എന്തിനാണെന്ന് അഛനമ്മമാർ അറിഞ്ഞിരിക്കണം.ആവശ്യത്തിന് മാത്രമുള്ള പണമേ അവർക്കു നൽകാവൂ.
ആൺ‌കുട്ടികളെയും പെൺ‌കുട്ടികളെയും തുല്യരായി കാണുന്ന സമീപനം സമൂഹം വളർത്തിയെടുക്കണം. ആൺ‌പെൺ വിവേചനം ഇല്ലാതെ മക്കളെ വളർത്താൻ തയ്യാറാവണം. ‘അവനുമാത്രം ബാധകം’ അല്ലെങ്കിൽ ‘അവൾക്കുമാത്രം ബാധകം’ എന്ന വേർതിരിവ് പാടില്ല.പെൺ‌കുട്ടികളെ അടച്ചുപൂട്ടിയും ആൺ‌കുട്ടികളെ കയറൂരിവിട്ടും വളർത്തുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

16 comments:

  1. എല്ലായിടത്തും അടക്കവും ഒതുക്കവും പെൺ‌കുട്ടികൾക്ക്.പെൺ‌കുട്ടികൾക്കു മാത്രം മതിയോ ഈ അടക്കവും ഒതുക്കവും? അഥവാ‍ അവർക്കുമാത്രമേ ഇതെല്ലാം സാധിക്കൂ എന്നുണ്ടോ? എന്തുകൊണ്ടാണ് ആൺ‌കുട്ടികൾക്ക് അതിനു കഴിയാത്തത്?

    ReplyDelete
  2. ശരിയാണ്. ഇന്നത്തെക്കാലത്ത് മക്കളെ എങ്ങനെ വളര്‍ത്താം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അറിവോ ഒരു ധാരണയോ ഇല്ല എന്നതാണു വസ്തുത.മക്കളുടെ എല്ലാ ആവശ്യങ്ങളും അവര്‍ നിറവേറ്റിക്കൊടുക്കുന്നു. എന്നാല്‍ മൂല്യബോധം മക്കളുടെ മനസ്സില്‍ ഉണ്ടാക്കാന്‍ ആരും ശ്രമിക്കുന്നില്ല.ആ ഒരു അരാജകത്വമാണ് ഇന്ന് നാട്ടില്‍ കാണുന്നത്. പൊതുവെ വീടുകളില്‍ ഇന്ന് അച്ചനും അമ്മയും മക്കളും അന്യോന്യം ആശയവിനിമയം നടക്കുന്നില്ല. ആണ്‍‌കുട്ടികള്‍ക്ക് ഇന്ന് ഉറങ്ങാന്‍ മാത്രമാണ് വീട്. തെരുവുകളില്‍ വെച്ചാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്.സ്കൂള്‍ പ്രായത്തിലേ ഇന്ന് കുട്ടികള്‍ മദ്യപാനം ശീലിച്ചുവരുന്നു.ഗൃഹാന്തരീക്ഷത്തില്‍ അച്ഛനും അമ്മയും മക്കളും സഹോദരനും സഹോദരിയും ഒക്കെ തമ്മില്‍ ഒരു സൌഹൃബന്ധം നിലനില്‍ക്കുമെങ്കില്‍ വഴി തെറ്റുന്ന ആണ്‍‌കുട്ടികളെ നന്നാക്കാമായിരുന്നു. പെണ്‍‌കുട്ടികളെ അടക്കം കൊടുത്തുകൊണ്ടാണ് വളര്‍ത്തുന്നതെങ്കിലും അവരുടെ കാര്യവും ഭദ്രമല്ല. ആര്‍ക്കും എളുപ്പത്തില്‍ വഞ്ചിക്കാന്‍ കഴിയുമാറ് ഒരു മാനസികാവസ്ഥയിലാണ് അവരും വളരുന്നത്. മക്കളെ എങ്ങനെ വളര്‍ത്താം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് കൌണ്‍സലിങ്ങ് ലഭിക്കേണ്ടതായ ഒരു അടിയന്തിരകാലഘട്ടമാണിത്.

    ReplyDelete
  3. ഹഹഹ.....
    ഇതാണു..വിവരല്ല്യാ വിവരല്ല്യാന്ന് പറയണത് :)
    ആണ്‍കുട്ടികളെ അച്ചടക്കം പഠിപ്പിച്ച് അടക്കത്തിലും ഒതുക്കത്തിലുമൊക്കെ വളര്‍ത്തിയാല്‍ അവറ്റയെ എന്തിനു കൊള്ളാം ?
    വല്ലവന്റെ കീഴിലും കഴുതയായി ജോലിചെയ്യാനോ ?!
    അതോ,കെട്ട്യോളുടെ സുന്ദര രാമനായി വാലാട്ടി നടക്കാനോ ?!!

    ഈ കാഴ്ച്ചപ്പാടാണ് നാട്ടില്‍ ആണുങ്ങളില്ലാത്ത സ്ഥിതിവിശേഷം
    ഉണ്ടാക്കിയിരിക്കുന്നത് !
    പെണ്‍കുട്ടികളെ ആരും അടച്ചീട്ടൊന്നും വളര്‍ത്തണ്ട.
    അവറ്റ കൂട്ടില്‍ കേറി സ്വയം കതകടച്ചോളും. അവറ്റയെ പുറത്താക്കി
    വാതിലടച്ച് ആണുങ്ങളാക്കാന്‍ ശ്രമിക്കുന്ന അച്ഛനമ്മമാരുടെ മനസ്സിലാണു കുഴപ്പം.

    ക്ഷമിക്ക് കെട്ടോ,ഒരു വേള ഈ ചിത്രകാരനായിരിക്കും കുഴപ്പം.
    ചിത്രകാരന്റെ ആശംസകള്‍ !!! :)

    ReplyDelete
  4. ചിത്രകാരൻ അങ്കിൾ,
    എന്റെ അച്ഛൻ പറഞ്ഞ് താങ്കളെ എനിക്കു പരിചയമാണ്. പെൺ‌കുട്ടികളെപ്പറ്റിയുള്ള താങ്കളുടെ അഭിപ്രായം ക്രൂരമായിപ്പോയി.
    അടക്കവും ഒതുക്കവും എന്നത് ആരുടെയും അടിമയാകാനുള്ള കഴിവുകേടല്ല.
    ആൺകുട്ടികളെ അകത്താക്കി ഒതുക്കിക്കൂട്ടണമെന്നോ പെൺകുട്ടികളെ പുറത്താക്കി വാതിലടക്കണമെന്നോ ഞാൻ ഉദ്ദേശിച്ചിട്ടില്ല.രണ്ടുപേരെയും തുല്യമായി അച്ചടക്കം പഠിപ്പിക്കയാണു വേണ്ടത്.

    ReplyDelete
  5. പ്രിയ കാവേരിമോളേ,
    ഈ ചിത്രകാരന്‍ അങ്കിളിനോടു ക്ഷമിക്കുക.
    എഴുത്ത് കണ്ടിട്ട് അത്ര ചെറിയ കുട്ടിയാണെന്നു
    കരുതിയില്ല.അതുകൊണ്ടുവന്ന കുഴപ്പമാണ്.
    ചെറിയകുട്ടികളോട് ഇത്ര ക്രൂരമായ സത്യങ്ങളൊന്നും
    ചിത്രകാരന്‍ അങ്കിള്‍ പറയാറില്ല.
    സ്ത്രീപുരുഷ തുല്യതാവാദത്തില്‍ പൊതുധാരയില്‍ നിന്നും
    വളരെ വ്യത്യസ്തമായ കാഴ്ച്ചപ്പാടാണ് അങ്കിളിനുള്ളത്.

    തീര്‍ച്ചയായും നല്ല എഴുത്ത്.
    സസ്നേഹം...
    ...പരമദുഷ്ടനും പരമ പവിത്രനുമായ ചിത്രകാരന്‍ അങ്കിള്‍ :)

    ReplyDelete
  6. പ്രിയ ചിത്രകാരൻ അങ്കിൾ,
    വീണ്ടും വന്നതിനും എന്നോട് വാത്സല്യം കാണിച്ചതിനും നന്ദി.
    അങ്കിൾ ഒരു ആന്റി അല്ലാത്തതിനാലാണ് ഇപ്പോഴും എന്നോട് യോജിക്കാത്തത്.സാരമില്ല, ഓരോരുത്തർക്കും തങ്ങളുടേതായ അഭിപ്രായങ്ങളാണല്ലോ.
    ഞാൻ 9ൽ പഠിക്കുന്നു,ഒരു സാധാരണ എയ്ഡഡ് സ്കൂളിൽ

    ReplyDelete
  7. [സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കൾ പോക്കറ്റ് മണി നൽകുന്നു, മൊബീൽ ഫോൺ വാങ്ങിക്കൊടുക്കുന്നു. പല കുട്ടികളുടെയും കൈയിൽ നൂറും അഞ്ഞൂറും ആയിരവും രൂപയൊക്കെയാണു കാണുന്നത്. അവർക്കു വസ്ത്രവും ഭക്ഷണവുമെല്ലാം വീട്ടിൽനിന്നു കിട്ടുന്നുണ്ട്. പിന്നെ ഇത്രയും പണം കുട്ടികൾക്കെന്തിനാണ്?
    കുട്ടികൾക്ക് പണം നൽകുമ്പോൽ അത് എന്തിനാണെന്ന് അഛനമ്മമാർ അറിഞ്ഞിരിക്കണം.ആവശ്യത്തിന് മാത്രമുള്ള പണമേ അവർക്കു നൽകാവൂ.]

    എന്റെ ദൈവമേ.... ഒൻപതാം ക്ലാസിൽ പഠിക്കുന്ന ആൾക്ക് ഇത്രയും ധാർമ്മികരോഷമോ :)

    സ്ത്രീപുരുഷസമത്വത്തെക്കുറിച്ചുള്ള ആശയത്തോട് യോജിപ്പ്.

    എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ ഇരുകൂട്ടർക്കും സ്വാതന്ത്ര്യത്തിന്റെയാണ് കുറവ് അച്ചടക്കത്തിന്റെയല്ല. കുട്ടികൾക്ക് പഠിക്കുന്നതിനൊപ്പം പണം സമ്പാദിക്കാനുള്ള സാഹചര്യവും അത്തരമൊരു വിദ്യാഭ്യാസസംസ്കാരവുമാണ് നമുക്ക് വേണ്ടത്. പഠനത്തിനു വേണ്ടി ഒക്കെ ഉള്ള കാശ് സ്വയം സമ്പാദിക്കുമ്പോൾ അത് നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ചിലവാക്കാനുള്ള ഉത്തരവാദിത്വബോധവും താനെ വന്നു കൊള്ളും.
    അച്ചടക്കം അടിച്ചേൽ‌പ്പിക്കുന്നത് കൂടുതൽ ഗുരുതരമായ അച്ചടക്കപ്രശ്നത്തിലേക്കേ നയിക്കൂ... സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വതന്ത്ര്യമായി ചിന്തിക്കാനുള്ള കഴിവിനെക്കുറിച്ചുമല്ലേ ഇപ്പോ ചിന്തിക്കേണ്ടത്?

    ഒന്നും തോന്നരുത്. ഇത്തരം പ്രീച്ചിംഗ് പോസ്റ്റുകൾ എഴുതാൻ നമുക്ക് ആവശ്യത്തിന് അങ്കിളുമാർ ബ്ലോഗിലുണ്ട്. നമ്മൾ യുവരക്തങ്ങൾ എങ്കിലും സെൻസിബിൾ ആയ ചിന്തകൾ സ്വന്തമായും സ്വതന്ത്രമായും വളർത്തിക്കൊണ്ട് വരാൻ ആണ് ശ്രമിക്കേണ്ടത്.

    ആശംസകൾ!

    ReplyDelete
  8. കാവേരിയുടെ ധാർമികരോഷം ശ്രദ്ധിച്ചു. ആൺകുട്ടികളെയും പെൺകുട്ടികളെയും തുല്യരായി കാണുന്ന സാമൂഹിക വ്യവസ്ഥിതി തീർച്ചയായും കാമ്യം തന്നെ. എന്നാൽ കാൽ‌വിൻ പറഞ്ഞതുപോലെ “കുട്ടികൾക്ക് പഠിക്കുന്നതിനൊപ്പം പണം സമ്പാദിക്കാനുള്ള സാഹചര്യവും അത്തരമൊരു വിദ്യാഭ്യാസസംസ്കാരവുമാണ് നമുക്ക് വേണ്ടത്. പഠനത്തിനു വേണ്ടി ഒക്കെ ഉള്ള കാശ് സ്വയം സമ്പാദിക്കുമ്പോൾ അത് നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ചിലവാക്കാനുള്ള ഉത്തരവാദിത്വബോധവും താനെ വന്നു കൊള്ളും.
    അച്ചടക്കം അടിച്ചേൽ‌പ്പിക്കുന്നത് കൂടുതൽ ഗുരുതരമായ അച്ചടക്കപ്രശ്നത്തിലേക്കേ നയിക്കൂ...” എന്നുവച്ച് മോൾ ബ്ലോഗെഴുത്ത് നിർത്തരുത്.’സെൻസിബിൾ ആയ ചിന്തകൾ സ്വന്തമായും സ്വതന്ത്രമായും വളർത്തിക്കൊണ്ട് വരാൻ ആണ് ശ്രമിക്കേണ്ടത്.‘
    ആശംസകൾ.

    ReplyDelete
  9. മോളൊരു ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണെന്ന് അറിഞ്ഞില്ല.അറിഞ്ഞിരുന്നെങ്കില്‍ ഇത്ര കട്ടിയായ ഒരു കമന്റ് ഞാന്‍ എഴുതില്ലായിരുന്നു.പ്രൊഫൈലില്‍ വിദ്യാര്‍ത്ഥിനിയാണെന്ന് സൂചിപ്പിക്കാമല്ലൊ.ബ്ലോഗ് ടൈറ്റിലില്‍ സ്കൂള്‍ കുട്ടിയാണെന്ന് എഴുതിയത് എല്ലാവരും ശ്രദ്ധിക്കണമെന്നില്ല.അത്കൊണ്ടാണല്ലൊ മോള്‍ക്ക് കമന്റിലൂടെ അത് വ്യക്തമാക്കേണ്ടി വന്നത്.എന്തായാലും മനസ്സിലുള്ള ആശയങ്ങള്‍ മറ്റുള്ളവരെ ധരിപ്പിക്കാന്‍ കഴിയും വിധം എഴുതുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന കഴിവല്ല. മോള്‍ക്കതുണ്ട്,തുടര്‍ന്ന് എഴുതുക.

    ആശംസകളോടെ,

    ReplyDelete
  10. പ്രിയ കെ.പി.എസ് സാർ,
    ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുടെ ഗ്രഹണപാടവത്തേക്കുറിച്ച് ഇത്ര സംശയിക്കുകയൊന്നും വേണ്ട. മനസിലാക്കാൻ കഴിയില്ലെന്നത് വെറുമൊരു മുൻ‌വിധിയാണ്. കുട്ടികൾക്കാണ് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാകുക. യാതൊരു തരത്തിലുള്ള മുൻ‌വിധികളും സമൂഹം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് അവർക്കുണ്ടാവില്ല എന്നത് തന്നെ കാരണം. ഏറ്റവും കൂടുതൽ സ്ത്രീവിരുദ്ധ കമന്റുകൽ ഇട്ടവരാരൊക്കെ ബ്ലോഗോസ്ഫിയറിൽ എന്ന് മാത്രം നോക്കിയാൽ മതി.

    ലിങ്ക് വേണ്ടെന്ന് കരുതുന്നു

    ReplyDelete
  11. പ്രസക്തമായ കാര്യങ്ങൾ‌ പറഞ്ഞിരിക്കുന്നു.

    ആശം‌സകൾ‌...

    ReplyDelete
  12. ഇന്നത്തെ കാലത്ത് ആണ്‍ പെണ്‍ വേര്‍ത്തിരിവ് കാര്യമായില്ല എന്നാണ് എനിക്കു തോന്നുന്നത്.ഉണ്ടെങ്കില്‍ തന്നെ അതു സ്ക്കൂളുകളില്‍ മാത്രമേയുള്ളൂ.

    ഇന്നത്തെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ ഒന്നിലും പുറകിലല്ല[നല്ലതിനായലും ചീത്തതിനായാലും].

    കമ്പനിയടിച്ച് വെള്ളമടിക്കുകയും സിഗര്റ്റ് വലിക്കുകയും അശ്ശ്ലീലം കാണുകയുല്‍ ചെയ്യുന്ന പെണ്‍കുട്ടികള്‍ നമ്മുടെ ഈ കേരളത്തില്‍ തന്നെയുണ്ട് എന്നു പറഞ്ഞാല്‍ അനിയത്തി വിശ്വസിക്കുമോ?

    സ്ക്കൂള്‍ കഴിഞ്ഞു കോളേജില്‍ ചേരുമ്പോഴും പിന്നെ ജോലിക്കു പോകുമ്പോഴും ‘സ്ക്കൂള്‍ കുട്ടിക്കു’ അതു മനസില്ലാവും.

    ReplyDelete
  13. Thank you K.P.S uncle,pallikkarayil uncle,shabeerm.co.cc uncle,CALVIN uncle and sathyanveshi uncle.

    ReplyDelete
  14. Good work. but your view on decipline is not recomended because, you know the western countries are arguing for more individual freedom. Its necessary that the smart & active peoples are the assets of the society. Remember one proverb' CHATHATHINOKKUME JEEVICHIRIKKILUM'. Its more importent to give freedom to the children, both girls & boys & this will leads to a fulfledged developement of an individal. The elders shuold give only the guidllines to them.

    ReplyDelete