കയറൂരിവിട്ട കാളകളെപ്പോലുള്ള യാത്രയാണ് ഇന്നത്തെ മിക്ക ആൺകുട്ടികളുടേതും. കയറൂരിവിട്ട കാളയ്ക്ക് എന്തെല്ലാം ചെയ്യാം? അതുതന്നെയാണ് ഇന്ന് ആൺകുട്ടികളുടെ പ്രവൃത്തികൾ. ആൺകുട്ടി എന്ന പദത്തിന്റെ അർഥം തന്നെ ‘എവിടെയും പോകാം എന്തും ചെയ്യാം’ എന്ന ലൈസൻസ് എന്നാണ്. അവരിൽ പലരും മയക്കുമരുന്നുകളെയും മറ്റു ലഹരി പദാർഥങ്ങളെയും ആശ്രയമായി കാണുന്നു. ആ ലോകത്തിൽ അവർ സന്തോഷം കണ്ടെത്തുന്നു. ഇങ്ങനെ വളരുന്നവർ സമൂഹനാശത്തിനു കാരണമാകുന്നു എന്നതാണു സത്യം.
ഈ പ്രകൃതത്തിന് പൂർണമായും ആൺകുട്ടികളെ മാത്രം കുറ്റം പറയാൻ സാധിക്കില്ല. പലതും കൂട്ടുകെട്ടിൽനിന്ന് ഉണ്ടാകുന്നതാണെന്നു പറയുന്നു. എങ്കിലും ഇതിൽ ഏറ്റവും വലിയ പങ്ക് മാതാപിതാക്കൾക്കു തന്നെയാണ്.
മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങൾ മൂലം കുടുംബത്തിൽ സന്തോഷം കിട്ടാത്ത കുട്ടികൾ ലഹരിപദാർഥങ്ങളിൽ സമാധാനവും സന്തോഷവും കാണുന്നു. തന്റെ ജീവിതം ഇതിനെല്ലാം മുന്നിൽ പാഴാക്കുകയാണെന്ന സത്യം അവർ മനസ്സിലാക്കുന്നില്ല.
അഛനമ്മമാർ ആൺകുട്ടികളെ അച്ചടക്കത്തോടുകൂടി വളർത്താൻ തയ്യാറാകുന്നില്ല എന്നതു മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ്. എല്ലായിടത്തും അടക്കവും ഒതുക്കവും പെൺകുട്ടികൾക്ക്.പെൺകുട്ടികൾക്കു മാത്രം മതിയോ ഈ അടക്കവും ഒതുക്കവും? അഥവാ അവർക്കുമാത്രമേ ഇതെല്ലാം സാധിക്കൂ എന്നുണ്ടോ? എന്തുകൊണ്ടാണ് ആൺകുട്ടികൾക്ക് അതിനു കഴിയാത്തത്? അതു മാതാപിതാക്കളുടെ കുറ്റം തന്നെയാണ്. പെൺകുട്ടികളും ആൺകുട്ടികളും തമ്മിലുള്ള വിവേചനം ഒഴിവാക്കി ആൺകുട്ടികളെയും അടക്കവും ഒതുക്കവും ശീലിപ്പിച്ചുകൂടേ?
ആൺകുട്ടികൾ പുറത്തേക്കു പോകുമ്പോൾ ‘നീ എങ്ങോട്ടു പോകുന്നു?’ എന്ന് ഭൂരിഭാഗം അഛനമ്മമാരും ചോദിക്കാറില്ല. മറിച്ച് ഒരു പെൺകുട്ടിയാണെങ്കിലോ? ‘എവിടെപ്പോയാലും വീട്ടിൽ പറയാതെ പോകരുത്’ എന്ന ആജ്ഞ പെൺകുട്ടികൾക്കു നൽകുന്നതുപോലെ ആൺകുട്ടികൾക്കു നൽകാത്തതെന്ത്? അവർ എവിടെ പോകുന്നു,എന്തിനു പോകുന്നു എന്നെല്ലാം അഛനമ്മമാർ മനസ്സിലാക്കാറുണ്ടോ?
സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കൾ പോക്കറ്റ് മണി നൽകുന്നു, മൊബീൽ ഫോൺ വാങ്ങിക്കൊടുക്കുന്നു. പല കുട്ടികളുടെയും കൈയിൽ നൂറും അഞ്ഞൂറും ആയിരവും രൂപയൊക്കെയാണു കാണുന്നത്. അവർക്കു വസ്ത്രവും ഭക്ഷണവുമെല്ലാം വീട്ടിൽനിന്നു കിട്ടുന്നുണ്ട്. പിന്നെ ഇത്രയും പണം കുട്ടികൾക്കെന്തിനാണ്?
കുട്ടികൾക്ക് പണം നൽകുമ്പോൽ അത് എന്തിനാണെന്ന് അഛനമ്മമാർ അറിഞ്ഞിരിക്കണം.ആവശ്യത്തിന് മാത്രമുള്ള പണമേ അവർക്കു നൽകാവൂ.
ആൺകുട്ടികളെയും പെൺകുട്ടികളെയും തുല്യരായി കാണുന്ന സമീപനം സമൂഹം വളർത്തിയെടുക്കണം. ആൺപെൺ വിവേചനം ഇല്ലാതെ മക്കളെ വളർത്താൻ തയ്യാറാവണം. ‘അവനുമാത്രം ബാധകം’ അല്ലെങ്കിൽ ‘അവൾക്കുമാത്രം ബാധകം’ എന്ന വേർതിരിവ് പാടില്ല.പെൺകുട്ടികളെ അടച്ചുപൂട്ടിയും ആൺകുട്ടികളെ കയറൂരിവിട്ടും വളർത്തുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.